ഇവയിലും ലഭ്യമാണു്: English | Català | Deutsch | Español | Français | Italiano | Malayalam | Polski | Portuguese | Slovenian | Svenska | 简体中文 | मराठी

കെഡിഇ കൂട്ടായ്മ കെഡിഇയുടെ 4.1.0 പതിപ്പു് പുറത്തിറക്കുന്നു

മെച്ചപ്പെട്ട പണിയിടവും പ്രയോഗങ്ങളും 'ഉവെ തീമി'ന്റെ സ്മരണയ്ക്കായി കെഡിഇ സമര്‍പ്പിക്കുന്നു.

July 29, 2008. കെഡിഇ കൂട്ടായ്മ കെഡിഇയുടെ 4.1.0 പതിപ്പു് ഇന്നു് പുറത്തിറക്കി. കെഡിഇ4 ശ്രേണിയിലെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന രണ്ടാമത്തെ പതിപ്പാണിതു്. ഇതില്‍ പുതിയ പ്രയോഗങ്ങളും, കെഡിഇ4 ന്റെ നെടുംതൂണുകള്‍ക്കു് മുകളില്‍ കെട്ടിപ്പടുത്തിട്ടുള്ള പുതിയ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ടു്. സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള കെഡിഇ പിം പ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആദ്യത്തെ കെഡിഇ4 പതിപ്പാണിതു്. ഇതിനുപുഠമേ ഇ-മെയില്‍ വായിക്കാനായി കെമെയിലും, ചെയ്യേണ്ട കാര്യങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കാന്‍ ഉതകുന്ന കെ-ഓര്‍ഗനൈസറും, ആര്‍എസ്എസ് ഫീഡുകള്‍ വായിക്കാനായി അക്രെഗേറ്ററും, ന്യൂസ് ഗ്രൂപ്പുകളിലെ വിവരങ്ങള്‍ വായിക്കാനായുള്ള കെനോഡും, തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ ഉള്ള കോണ്‍ടാക്റ്റ് പ്രയോഗം ഈ പതിപ്പിന്റെ ഭാഗമാണു്. ഇതിനുപുറമേ കെഡിഇ4 പണിയിടത്തിന്റെ പുതിയ ആവരണമായ പ്ലാസ്മയാവട്ടെ കെഡിഇ3യുടെ കവചത്തിനു പകരമായി ഏറ്റവും സാധാരണ ഉപയോക്താക്കള്‍ക്കുപയോഗിക്കാന്‍ പറ്റുന്നത്ര പക്വത നേടിയിട്ടുണ്ടു്. ചട്ടക്കൂടിനെയും അന്തര്‍ലീനമായ ലൈബ്രറികളേയും മെച്ചപ്പെടുത്തുന്നതിനായി മുന്‍പതിപ്പിലെന്ന പോലെ ഇതിലും ഏറെ സമയം ചെലവഴിച്ചിട്ടുണ്ടു്.
കെഡിഇ പുറത്തിറക്കുന്നതിനുള്ള നടത്തിപ്പുകാരിലൊരാളായ ഡിര്‍ക്ക് മുള്ളര്‍ കണക്കുകള്‍ നിരത്തുന്നു: "കെഡിഇ 4.0 മുതല്‍ കെഡിഇ 4.1 വരെ 20803 കമ്മിറ്റുകളും 15432 പരിഭാഷാ ചെക്കിനുകളും നടന്നിട്ടുണ്ടു്. പണി നടക്കുന്ന ശാഖകളില്‍ നടന്നിട്ടുള്ള ഏതാണ്ട് 35000 കമ്മിറ്റുകളില്‍ ചിലതു് കെഡിഇ 4.1 ലേയ്ക്കു് നേരിട്ടു് ഉള്‍പ്പെടുത്തിയതുകൊണ്ടു് അവയുടെ കൃത്യമായ എണ്ണമെടുക്കാനായിട്ടില്ല." കെഡിഇയുടെ സബ്‌വെര്‍ഷന്‍ സെര്‍വറുകളില്‍ കെഡിഇ സിസ്റ്റം ഭരണാധികാരികളുടെ സംഘം 166 പുതിയ ഡെവലപ്പര്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കിയതായും മുള്ളര്‍ പറയുകയുണ്ടായി.